Showing posts with label കറുത്ത ഫലിതം. Show all posts
Showing posts with label കറുത്ത ഫലിതം. Show all posts

Monday, April 1, 2013

ഫേസ് ബുക്ക്


എഫ് .ബി 
 കൂട്ടുകാരെ തിരയാം..കണ്ടെത്താം...ചാറ്റാം..
പഴയ കളികൂട്ടുകാർ ..കാമുകിമാർ ...
പരിചയം പുതുക്കാം...പ്രണയം പുതുക്കാം ..
ഊണും ഉറക്കവും എഫ് ബി യിൽ ..

ബുക്ക്വായിച്ചില്ലേൽ എന്താ!
ഫേസ് ബുക്കിലുണ്ടല്ലോ !

പോസ്റ്റ്ചെയ്യാൻ ഫോട്ടോ വേണം !
ട്രിപ്പിനു പോയാലും,കല്യാണത്തിന്  പോയാലും
അപകടം കണ്ടാലും മരണം കണ്ടാലും .. എന്തിന്  !
 പട്ടിയോ പൂച്ചയോ കാക്കയോ കണ്ടാലും  ..
ഫോട്ടോ എടുക്കും ..എഫ് ബി യിൽ പോസ്റ്റും ചെയ്യും .

സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യണം ..എന്തെഴുതണം?
രാവിലെ എഴുന്നേറ്റതും ,കുളിച്ചതും,ടി വി കണ്ടതും,
പനിച്ചതും ചുമച്ചതും തലവേദനിച്ചതും വയറുവേദനിച്ചതും ..
ബോറടിച്ചതും ദേഷ്യം വന്നതും.. എല്ലാം .. എഴുതണം ..
എല്ലാം..എല്ലാരും അറിയട്ടെ സ്വകാര്യത   മറച്ചു വയ്ക്കെണ്ടാതാണോ ?
അത് നാലാള് അറിയട്ടെന്ന് ..
സൈബർ ( കലിയുഗമല്ലേ
ടെക്നോളജി കുളിമുറിയി  വരെയെത്തിയില്ലേ.. പിന്നെന്ത് ?
ഇതൊക്കെയല്ലേ ..സോഷ്യൽ മീഡിയ നെറ്റ്വർക്കിംഗ് .

Friday, December 28, 2012

ഡല്‍ഹി കൂട്ടമാനഭംഗം -ഒരു മലയാളി വീക്ഷണം !

രാവിലെ പത്രം കൈയ്യില്‍ കിട്ടിയ തങ്കമണി ചേച്ചി പിള്ളേരുടെ അച്ഛനെ ഉറക്കെ വിളിച്ചു." ദേ ..ഇങ്ങോട്ടൊന്നു വന്നേ..നിങ്ങള്  ഈ പത്രമൊന്നു നോക്കേ ..."
സദാശിവന്‍ പിള്ള :എന്തോന്നാടീ ഇത്ര വിശേഷിച്ചു ? നിന്റെ ആരേലും ചത്തോ ?
ചേച്ചി:അതൊന്നും  അല്ല മനുഷ്യാ ..ഇതൊന്നു നോക്ക് ..ഓടി കൊണ്ടിരുന്ന ബസ്സില്‍ ഒരുത്തിയെ കുറേയവന്മാര് ചേര്‍ന്ന് പീഡിപ്പിചെന്നു ..
പിള്ള: ഓഹോ..ഇതാണോ വലിയ കാര്യം !ഇതില്‍  എന്താണ് ഇത്ര പുതുമ? പീഡനങ്ങള്‍ നമ്മള്‍ കുറെ കണ്ടിട്ടുള്ളതല്ലേ..പിന്നെ, ഇനി കുറച്ചു ദിവസം പത്രം വായിക്കാന്‍ നല്ല രസമായിരിക്കും .എരിവും പുളിയും ചേര്‍ത്ത കുറെ കഥകള്‍ വായിക്കാം .  പത്രക്കാരും നമ്മളും ഹാപ്പി!
ചേച്ചി:'ഒരു ബന്ധുവിനൊപ്പം സിനിമ കണ്ടു മടങ്ങുമ്പോള്‍ രാത്രി ഒന്‍പതു മണിക്കാണ് സംഭവം'...അല്ല പിന്നെ..ഇവളുമാരൊക്കെ കണ്ടവന്മാരുടെ കൂടെ രാത്രിയില്‍ അഴിഞ്ഞാടാന്‍ നടന്നാല്‍ ,ഇതല്ല..ഇതിനപ്പുറവും നടക്കും.
പിള്ള: ബന്ധുവാണോ..!എങ്കില്‍ ഇത് അവനും കൂടി അറിഞ്ഞു  കൊണ്ടുള്ള കളിയായിരിക്കും .ഉറപ്പ് !
ചേച്ചി:ഇവള്‍ക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ..അണിഞ്ഞൊരുങ്ങി നടന്നു കാണും.ഇവളുമാരുടെയൊക്കെ വേഷം കണ്ടാല്‍ ആര്‍ക്കാണ് ഒന്ന്  പീഡിപ്പിക്കാന്‍ തോന്നാത്തെ ..? ഇവളെയൊക്കെ ഇങ്ങനെ അഴിച്ചു വിട്ടിരിക്കുന്ന തന്തയേയും തള്ളേയേയും പറഞ്ഞാല്‍ മതിയല്ലോ .
പിള്ള:അത് നീ പറഞ്ഞത് ശരിയാ ..അല്ലേല്‍ ആ ചെക്കനുമായി രാത്രിയില്‍ അവള്‍ക്കെന്താ പരിപാടി?രണ്ടും കൂടി ഒരുമ്പിട്ട് ഇറങ്ങിയതായിരിക്കും !അതിനൊന്നും ഇവിടെ ആര്‍ക്കും പ്രശ്നമി
ല്ല.ആരൊക്കെയോ പീഡിപ്പിച്ചതാ ഇപ്പോള്‍ പ്രശ്നം !
ചേച്ചി: ശരിയാ..ഇന്നാള് എവിടെയോ താലിമാല പോലും ഇല്ലാതെ ബീച്ചില്‍ കാറ്റു കൊള്ളാനിറങ്ങിയ   ഒരുത്തിയേയും കൂടൊരുത്ത നേയും പോലീസു പിടിച്ചപ്പോള്‍ നാട്ടുകാര്‍ക്ക് എന്തൊരു വിഷമമായിരുന്നു !എന്തൊക്കെ പുകിലുണ്ടാക്കി ?ആ പാവം പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു..കഷ്ടം !അല്ലേ ..
പിള്ള:അതേ ..അതേ (പത്രം വാങ്ങി നോക്കിയിട്ട് ):പീഡിപ്പിക്കപെട്ട പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്  പോലും ..
ചേച്ചി:ങാ ..അവളൊക്കെ കുറച്ചു അനുഭവിക്കണം.രാത്രി ആയാലും.. വീട്ടിലും കയറാതെ നടന്നതല്ലേ..കുറച്ചു പെടാപാട് പെടട്ടെ ..മാന്യമായി ജീവിക്കാന്‍ മേലാ..
പിള്ള:23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആണെന്ന് ..എങ്കില്‍ ഇവള് 'മറ്റേ ' ടൈപ്പ് തന്നെയായിരിക്കും .!
കഥ ...സംഭാഷണം ..തുടരും..
ഇതാണ് മിക്ക മലയാളികളുടെയും രീതി.നമ്മള്‍ പലതിനേയും നോക്കി കാണുന്നത് ഇതേ സ്റ്റൈലില്‍ ആയിരിക്കും..ഇതേ കണ്ണു കൊണ്ടായിരിക്കും ..
ഒരു പെണ്‍കുട്ടിക്ക് വേണ്ടി രാഷ്ട്രീയവും മതവും നോക്കാതെ തെരുവില്‍ ഇറങ്ങി ശബ്ദമുയര്‍ത്തിയ ഡല്‍ഹി ജനങ്ങള്‍ക്ക്‌ അഭിനന്ദനങ്ങള്‍ ..അഭിവാദ്യങ്ങള്‍ ...