Friday, December 28, 2012

ഡല്‍ഹി കൂട്ടമാനഭംഗം -ഒരു മലയാളി വീക്ഷണം !

രാവിലെ പത്രം കൈയ്യില്‍ കിട്ടിയ തങ്കമണി ചേച്ചി പിള്ളേരുടെ അച്ഛനെ ഉറക്കെ വിളിച്ചു." ദേ ..ഇങ്ങോട്ടൊന്നു വന്നേ..നിങ്ങള്  ഈ പത്രമൊന്നു നോക്കേ ..."
സദാശിവന്‍ പിള്ള :എന്തോന്നാടീ ഇത്ര വിശേഷിച്ചു ? നിന്റെ ആരേലും ചത്തോ ?
ചേച്ചി:അതൊന്നും  അല്ല മനുഷ്യാ ..ഇതൊന്നു നോക്ക് ..ഓടി കൊണ്ടിരുന്ന ബസ്സില്‍ ഒരുത്തിയെ കുറേയവന്മാര് ചേര്‍ന്ന് പീഡിപ്പിചെന്നു ..
പിള്ള: ഓഹോ..ഇതാണോ വലിയ കാര്യം !ഇതില്‍  എന്താണ് ഇത്ര പുതുമ? പീഡനങ്ങള്‍ നമ്മള്‍ കുറെ കണ്ടിട്ടുള്ളതല്ലേ..പിന്നെ, ഇനി കുറച്ചു ദിവസം പത്രം വായിക്കാന്‍ നല്ല രസമായിരിക്കും .എരിവും പുളിയും ചേര്‍ത്ത കുറെ കഥകള്‍ വായിക്കാം .  പത്രക്കാരും നമ്മളും ഹാപ്പി!
ചേച്ചി:'ഒരു ബന്ധുവിനൊപ്പം സിനിമ കണ്ടു മടങ്ങുമ്പോള്‍ രാത്രി ഒന്‍പതു മണിക്കാണ് സംഭവം'...അല്ല പിന്നെ..ഇവളുമാരൊക്കെ കണ്ടവന്മാരുടെ കൂടെ രാത്രിയില്‍ അഴിഞ്ഞാടാന്‍ നടന്നാല്‍ ,ഇതല്ല..ഇതിനപ്പുറവും നടക്കും.
പിള്ള: ബന്ധുവാണോ..!എങ്കില്‍ ഇത് അവനും കൂടി അറിഞ്ഞു  കൊണ്ടുള്ള കളിയായിരിക്കും .ഉറപ്പ് !
ചേച്ചി:ഇവള്‍ക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ..അണിഞ്ഞൊരുങ്ങി നടന്നു കാണും.ഇവളുമാരുടെയൊക്കെ വേഷം കണ്ടാല്‍ ആര്‍ക്കാണ് ഒന്ന്  പീഡിപ്പിക്കാന്‍ തോന്നാത്തെ ..? ഇവളെയൊക്കെ ഇങ്ങനെ അഴിച്ചു വിട്ടിരിക്കുന്ന തന്തയേയും തള്ളേയേയും പറഞ്ഞാല്‍ മതിയല്ലോ .
പിള്ള:അത് നീ പറഞ്ഞത് ശരിയാ ..അല്ലേല്‍ ആ ചെക്കനുമായി രാത്രിയില്‍ അവള്‍ക്കെന്താ പരിപാടി?രണ്ടും കൂടി ഒരുമ്പിട്ട് ഇറങ്ങിയതായിരിക്കും !അതിനൊന്നും ഇവിടെ ആര്‍ക്കും പ്രശ്നമി
ല്ല.ആരൊക്കെയോ പീഡിപ്പിച്ചതാ ഇപ്പോള്‍ പ്രശ്നം !
ചേച്ചി: ശരിയാ..ഇന്നാള് എവിടെയോ താലിമാല പോലും ഇല്ലാതെ ബീച്ചില്‍ കാറ്റു കൊള്ളാനിറങ്ങിയ   ഒരുത്തിയേയും കൂടൊരുത്ത നേയും പോലീസു പിടിച്ചപ്പോള്‍ നാട്ടുകാര്‍ക്ക് എന്തൊരു വിഷമമായിരുന്നു !എന്തൊക്കെ പുകിലുണ്ടാക്കി ?ആ പാവം പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു..കഷ്ടം !അല്ലേ ..
പിള്ള:അതേ ..അതേ (പത്രം വാങ്ങി നോക്കിയിട്ട് ):പീഡിപ്പിക്കപെട്ട പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്  പോലും ..
ചേച്ചി:ങാ ..അവളൊക്കെ കുറച്ചു അനുഭവിക്കണം.രാത്രി ആയാലും.. വീട്ടിലും കയറാതെ നടന്നതല്ലേ..കുറച്ചു പെടാപാട് പെടട്ടെ ..മാന്യമായി ജീവിക്കാന്‍ മേലാ..
പിള്ള:23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആണെന്ന് ..എങ്കില്‍ ഇവള് 'മറ്റേ ' ടൈപ്പ് തന്നെയായിരിക്കും .!
കഥ ...സംഭാഷണം ..തുടരും..
ഇതാണ് മിക്ക മലയാളികളുടെയും രീതി.നമ്മള്‍ പലതിനേയും നോക്കി കാണുന്നത് ഇതേ സ്റ്റൈലില്‍ ആയിരിക്കും..ഇതേ കണ്ണു കൊണ്ടായിരിക്കും ..
ഒരു പെണ്‍കുട്ടിക്ക് വേണ്ടി രാഷ്ട്രീയവും മതവും നോക്കാതെ തെരുവില്‍ ഇറങ്ങി ശബ്ദമുയര്‍ത്തിയ ഡല്‍ഹി ജനങ്ങള്‍ക്ക്‌ അഭിനന്ദനങ്ങള്‍ ..അഭിവാദ്യങ്ങള്‍ ...

Wednesday, September 5, 2012

guru smarana

കാലത്തിന്റെ കനക സ്മരണയില്‍ പിന്നെയും പിന്നെയും നിറഞ്ഞു നില്‍ക്കുന്ന നിലാവിന്റെ പുണ്യ സ്പര്‍ശമാണ് ഗുരു . അന്ധകാരത്തില്‍ നിന്ന് അറിവിന്റെ ആത്മ സമര്‍പ്പണത്തിലേക്കുള്ള പ്രയാണമാണ് ഗുരു നടത്തുന്നത്. കുഞ്ഞും നാള്‍ മുതല്‍ എന്റെ ഉള്ളിലേക്ക് അറിവിന്റെ അക്ഷര തീപ്പൊരി കോരിയിട്ട എല്ലാ എല്ലാ ഗുരുക്കന്മാരെയും ആദരവോടെ നമിക്കുന്നു.

Tuesday, June 19, 2012

kulam kuthikal കുലം കുത്തികള്‍

കുലം കുത്തികള്‍
വിപ്ലവത്തിന്റെ ചരിത്രം തുടിക്കുന്ന മലയാളമണ്ണില്‍ വീണ്ടും പ്രതികാരത്തിന്റെ ചോരത്തുള്ളികള്‍ ...
എത്രയെത്ര പുത്രന്മാര്‍ ..ഭര്‍ത്താക്കന്മാര്‍ ..പിതാക്കന്മാര്‍ ...
അവര്‍ക്കൊപ്പം ഒരാള്‍ കൂടി .
ഇവരെയൊക്കെ കൊല്ലണം.. ചോര കുടിക്കണം ...!
പ്രസ്ഥാനത്തിന്റെ 'വിളര്‍ച്ച' മാറ്റാന്‍ ..ഇതേയുള്ളൂ പോംവഴി .
ഒറ്റവെട്ടിനു കൊല്ലാമായിരുന്നു!
അമ്പത്തൊന്നു തുണ്ടമാക്കാതെ, കുലം കുത്തികളെ പിന്നെന്തു ചെയ്യണം ? വിശ്വസിച്ച പ്രസ്ഥാനത്തിന്റെ ചെയ്തികളില്‍വീര്‍പ്പു മുട്ടിയപ്പോള്‍ ,
വിശ്വാസപ്രമാണങ്ങളില്‍ ഉറച്ചു നിന്ന് സ്വന്തം പ്രസ്ഥാനമുണ്ടാക്കാന്‍ തുനിഞ്ഞിരിക്കുന്നു ..
അധികാര ദുര്‍മോഹികള്‍! അവന്മാരൊക്കെ ചത്തൊടുങ്ങുക തന്നെ വേണം .
അവന്റെയൊന്നും ശവത്തെ പോലും വെറുതെ വിടരുത് !..
പക്ഷെ ..എറിഞ്ഞു കൊടുത്ത നോട്ടുകെട്ടിന്റെ മണം പിടിച്ചു,
ഇന്നലെ വരെ പിന്തുടര്‍ന്ന വിശ്വാസങ്ങളെ ഒരൊറ്റ രാത്രി കൊണ്ട് ചവിട്ടിയരച്ചു
ഒരു ഉളുപ്പുമില്ലാതെ കറിവേപ്പില പോലെ ഇറങ്ങി പോയവരെ എന്ത് പേരിട്ടു വിളിക്കും ?
അവരെയല്ലേ കുലം കുത്തികളെന്നു വിളിക്കേണ്ടത് ?
അവര്‍ക്കല്ലേ ഒരു ഒറ്റുകാരന്റെ മുഖച്ചായ കൂടുതല്‍!
അവരുടെ സിരകളില്‍ കൂടി ഒഴുകുന്ന ചോരയുടെ നിറംഎന്തായിരിക്കുമോ എന്തോ ? എന്നാല്‍ അമ്പത്തൊന്നു വെട്ടുകള്‍ക്കു കൂട്ട് നിന്ന വടിവാളില്നിന്ന് പൊടിഞ്ഞിളകിയത്
നല്ല ചുവപ്പന്‍ ചോരയായിരുന്നു , വിയര്‍പ്പിന്റെ മണമുള്ള ചോര . അതുറപ്പാണ്.